ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി. പ്രത്യേക പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ അറിയിപ്പുകളും കെ.എസ്.ഇ.ബി. സെക്ഷൻ ഓഫിസുകൾ വഴി രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഇ – കിരൺ പോർട്ടൽ വഴി സ്വയം രജിസ്ട്രേഷൻ നടത്താം.
പദ്ധതി വഴി 2023 മാർച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണു കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്നതിനാണു പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജൻസികളിലൂടെയും ഇതുവരെ 14,000 വീടുകളിൽ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കാനാവുക.