ഇടുക്കി ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നും മുൻ കരുതൽ എടുക്കുന്നതിന്റെ ഭാഗമായും ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഇടുക്കി ആർച്ചു ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്. വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാൽ കഴിഞ്ഞു കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറന്നു.