ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. പാര്‍ലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് എത്തി പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ആദ്യഘട്ടത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് രാഹുൽ നിലത്തിരുന്ന് പ്രതിഷേധം തുടര്‍ന്നതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്.
