ശാസ്താംകോട്ട സബ് ഡിവിഷനിൽ പോലീസിന്റെ മോക്ക് ഡ്രിൽ ഇന്നലെ നടന്നു. ശാസ്താംകോട്ട ശൂരനാട്, ഈസ്റ്റ് കല്ലട, പുത്തൂർ, കുണ്ടറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരും ഉദ്യോഗസ്ഥരും KAP 3 ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് ഡ്രിൽ നടത്തിയത്. ശൂരനാട് പോലീസ് സ്റ്റേഷനിലെ കമ്പലടി എന്ന സ്ഥലമാണ് ഡ്രില്ലിനായി തിരഞ്ഞെടുത്തത്. വലിയ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടായ രീതിയിൽ ഫോൺ സന്ദേശം ശൂരനാട് പോലീസ് സ്റ്റേഷനിൽ ലഭിക്കുകയായിരുന്നു. ആയതിനു ശേഷം പ്രതികൾ രക്ഷപ്പെടുന്നത് തടയുക, പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുക, പ്രശനം വ്യാപിക്കാതെ തടയുക, ആയതുമായി ബന്ധപ്പെട്ട് പോലീസിന്റെ സർക്കലറുകളും ഉത്തരവുകളും പാലിക്കപെടുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കപെടുന്നതിനു വേണ്ടിയാണ് മോക്ക് ഡ്രിൽ നടത്തിയത്.

താലുക്ക് ആശുപത്രി ഫയർഫോഴ്സ്, റെവന്യൂ, ഡോഗ്സ്ക്വാഡ്, ഫിംഗർപ്രിന്റ് എന്നീ വിഭാഗങ്ങളും സംയുക്ത പരിശോധനയിൽ പങ്കെടുത്തു. ശാസ്താംകോട്ട സബ്ഡിവിഷൻ അതിർത്തികൾ , പ്രധാന ജംഗ്ഷനുകൾ, ഇവ കേന്ദ്രീകരിച്ചു വാഹന പരിശോധന കർശനമാക്കിയിരുന്നു. കൊല്ലം റൂറൽ എസ്.പി കെ.ബി രവി ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ്. ഷെരീഫ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഓഫിസർമാർ ഉൾപ്പെടെ 256 സേന അംഗങ്ങൾ ഡ്രില്ലിൽ പങ്കെടുത്തു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിഷാന്ദിനി ഐ.പി.എസിന്റെ ഉത്തരവ് അനുസരിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മോക്ക് ഡ്രിൽ സങ്കടിപ്പിക്കുന്നത്. മോക്ക് ഡ്രില്ലിന് ശേഷം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ റൂറൽ എസ്.പി കെബി രവി ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട ഡി.വൈ.എസ്.പി മാരുടെയും ഇൻസ്പെക്ടർമാരുടെയും അവലോകന യോഗം ചേർന്ന് ഡ്രില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.