സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ പൃഥ്വി’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജൂൺ 28 മുതൽ ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും, ക്വാറികളിൽ നടക്കുന്ന വെട്ടിപ്പുകളെക്കുറിച്ച് സർക്കാരും, വിജിലൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 20 ഓളം ക്വാറികളിൽ ഒരേ സമയം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും യഥാർത്ഥ വിറ്റു വരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ വെളിപ്പെടുത്തിയിരുന്നത്. ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ വെട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കൽ, ക്വാറി ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വാഹന വാടകയിൽ നികുതി വെട്ടിക്കൽ തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി.
