കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളെ പരിശോധനയുടെ പേരിൽ അപമാനിച്ച സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. വിവാദത്തിൽ ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ സൈബർ സംഘം കോളേജിൽ എത്തി.