ആദ്യ ട്രെയിൻ ദുരന്തം എന്ന് പറയുമ്പോൾ ട്രെയിൻ തട്ടി ആളുകൾ മരിക്കുക, ആളില്ലാ ലെവൽ ക്രോസിൽ ട്രെയിൻ വാഹനത്തിലിടിക്കുക തുടങ്ങിയ അപകടങ്ങളിൽ അതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് 1979 മെയ് മാസം 9 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ബോംബെ വി ടി ക്കു പോകുകയായിരുന്ന ജയന്തി ജനതാ എക്സ്പ്രസ്സ് ആലുവായ്ക്കും അങ്കമാലിക്കും ഇടയിലുള്ള അകപ്പറമ്പ് റെയിൽവേ ക്രോസ്സിങ്ങിൽ (കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അന്ന് ആൾക്കവളില്ലാത്ത റെയിൽവേ ഗേറ്റ്) എത്തിയപ്പോൾ ട്രാക്കിനു കുറുകെ കയറിയ ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് 40 ബസ് യാത്രക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്, ബസ് ഡ്രൈവറും യാത്രക്കാരും തമ്മിലുണ്ടായ വഴക്കിൽ മനോനില തെറ്റിയ ബസ് ഡ്രൈവർ ട്രെയിൻ വരുന്നത് കണ്ടിട്ടും ട്രാക്കിനു കുറുകെ നിറുത്തിയതാണെന്നു അന്ന് സംശയമുണ്ടായിരുന്നു. ബസ് ഡ്രൈവർ തൽക്ഷണം കൊല്ലപ്പെട്ടതിനാൽ ഒരു സംശയത്തിനും ഉത്തരം കിട്ടിയില്ല. 1980 ആഗസ്ത് മാസം 25 ആം തീയതി കോട്ടയം ജില്ലയിലെ വെള്ളൂരിലെ പിറവം റോഡ് റയിൽവേ സ്റ്റേഷന് സമീപത്തുള്ള മൂവാറ്റുപുഴയാറിനു കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ അവിട്ടം നാളിൽ മൂവാറ്റുപുഴയാറിൽ നടന്ന വള്ളം കളി കണ്ടു മടങ്ങിയവരിലേക്ക് സമയം വൈകിയെത്തിയ എറണാകുളം – തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ് ഇടിച്ചു കയറി 13 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1986 ഫെബ്രുവരി മാസം 28 ന് പുലർച്ചെ 5.30 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന്റെ വെടിക്കെട്ട് കണ്ടു കൊണ്ട് ട്രാക്കിൽ നിന്നവരെ കണ്ണൂർ – എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇടിച്ചുണ്ടായ അപകടത്തിൽ 31 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ട്രെയിൻ മറിഞ്ഞുണ്ടായ ഒരു അപകടമായിരുന്നു കൊല്ലം ജില്ലയിലെ പെരുമൺ ട്രെയിൻ അപകടം. ബാംഗ്ലൂർ സിറ്റി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ലക്ഷ്യമാക്കി ഓടുകയായിരുന്നു ഐലൻഡ് എക്സ്പ്രസ്സ് ആണ് കായംകുളം ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയിലുള്ള പെരുമണ്ണിൽ അഷ്ടമുടിക്കായൽ മുറിച്ചു കടക്കുമ്പോൾ പാളം തെറ്റി പാലത്തിൽ നിന്ന് കായലിലേക്ക് മറിഞ്ഞത്. 1988 ജൂലൈ മാസം 8 ആം തീയതി വെള്ളിയാഴ്ച ഉച്ചക്ക് 01.12 ന് ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ 105 പേർ കൊല്ലപ്പെടുകയും 200 ലേറെപേർക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടമാണ് പെരുമൺ ട്രെയിൻ ദുരന്തം.
