രാജ്യത്തെ നിയമനിർമാണ സഭകളിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികർ. കേരള നിയമസഭയിൽ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് അഭിപ്രായം ഉയർന്നത്. വനിതകൾക്ക് 33 ശതമാനം സംവരണമെന്നത് യാഥാർത്ഥ്യമാകാൻ ഇനിയുമൊരു 75 വർഷമാകുമെന്ന സ്ഥിതിയാണെന്ന് ശിൽപശാലയിൽ സംസാരിച്ച മുൻ എം. പി വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു.
പാർലമെന്റിൽ 35 ശതമാനം സംവരണം ഉറപ്പാക്കാൻ രാഷ്ട്രീയ, ഭാഷ, ദേശ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും വൃന്ദാകാരാട്ട് പറഞ്ഞു.
വനിതകൾക്ക് 33 ശതമാനം സംവരണം എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണച്ചതാണ്. പ്രകടന പത്രികയിൽ മിക്കവരും ഇത് ഉൾപ്പെടുത്തുകയും ചെയ്തു. മറ്റു പല ബില്ലുകളും വേഗത്തിൽ പാസായെങ്കിലും ഈ ബിൽ പാസാക്കാൻ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്ന് കനിമൊഴി കരുണാനിധി എം.പി പറഞ്ഞു. വനിതകൾക്ക് 50 ശതമാനം സംവരണമാണ് വേണ്ടതെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ നിമബെൻ ആചാര്യ അഭിപ്രായപ്പെട്ടു.