കൊല്ലം ∙ സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.
കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.