കൊട്ടാരക്കര : റവന്യൂ റിക്കവറി കുടിശ്ശികക്കായി നടപടിയിൽ ഇരിക്കുന്ന ബാങ്ക് ലോൺ കേസുകൾ തീർപ്പാക്കുന്നതിന് സാധാരണ ജനങ്ങൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകി കടബാധ്യത ഒഴിവാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി ഈ മാസം 24-ാം തീയതി കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ വച്ചും, 25-ാം തീയതി കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ വച്ചും രണ്ട് അദാലത്തുകൾ സംഘടിപ്പിക്കുന്നു. കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ വച്ച് നടക്കുന്ന അദാലത്തിൽ കൊട്ടാരക്കര താലൂക്ക് പരിധിയിലെ ചിതറ, മാങ്കോട്, കുമ്മിൾ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ, ഇളമാട് എന്നീ വില്ലേജുകളും, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലെ അദാലത്തിൽ വെളിനല്ലൂർ പൂയപ്പള്ളി, വെളിയം, ഉമ്മന്നൂർ, ഓടനാവട്ടം, വാളകം, മേലില, മൈലം, കൊട്ടാരക്കര, പുത്തൂർ, പവിത്രേശ്വരം, എഴുകോൺ, കുളക്കട, വെട്ടിക്കവല, ചക്കുവരയ്ക്കൽ, കരീപ്ര, നെടുവത്തൂർ, കലയപുരം എന്നീ വില്ലേജുകളിൽ ഉള്ളവർക്കും പങ്കെടുക്കാം. ഈ അദാലത്തിൽ സാധാരണക്കാരും, പാവപ്പെട്ടവരുമായ ജനങ്ങൾക്ക് പരമാവധി ഇളവുകൾ നൽകി കുടിശ്ശിക ഒറ്റത്തവണയായി ഒരു നിശ്ചിത തവണയോ, പലിശയും, പിഴപ്പലിശയും ഒഴിവാക്കി കൊടുത്തും മറ്റ് അർഹമായ ആനുകൂല്യങ്ങൾ നൽകി കൊണ്ട് കടബാധ്യത ഒഴിവാക്കാൻ ഈ അദാലത്തിൽ അവസരമുണ്ട്.
