കൊട്ടാരക്കര – കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര നഗരത്തിൽ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു പൊതുജനങ്ങൾക്കുമായി ആരംഭിച്ച കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐപിഎസ് നിർവഹിച്ചു. നമ്മുടെ ജില്ലയിൽ തുടർന്നുവരുന്ന മാസങ്ങളിൽ അത്യുഷ്ണവും അതികഠിനമായ വേനലും ഉണ്ടാകുമെന്നതിനാൽ ട്രാഫിക് പോയിന്റ് കളിൽ ഡ്യൂട്ടി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മതിയായ കുടിവെള്ളം ലഭിക്കാതെ നിർജ്ജലീകരണത്തിന് കാരണമായി ആരോഗ്യത്തിനും അതിലുപരി ശാരീരിക രോഗങ്ങൾക്കും ഇടയാകുന്നത് തടയുന്നതിന് വേണ്ടിയാണ് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാകുന്ന ഇത്തരം ക്ഷേമപ്രവർത്തനങ്ങൾക്ക് പോലീസ് സംഘടന തുടക്കം കുറിച്ചത്. ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു വെയിലിൽ നിന്നും രക്ഷനേടുന്നതിന് ഗ്ലൗസുകളും വെയിൽ നേരിട്ട് കണ്ണിൽ അടിക്കുന്നത് തടയുന്നതിന് കൂളിങ് ഗ്ലാസുകളും വിതരണം ചെയ്തു. വിശപ്പുരഹിത കൊട്ടാരക്കര എന്ന ആശയത്തിൽ കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് സ്ഥാപിച്ച ഫുഡ് ബാങ്കിന്റെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ റവറന്റ് ഫാദർ റോയി ജോർജിന്റെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.


ഈ ഫുഡ് ബാങ്കിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണം എടുക്കുന്നതിനും ഭക്ഷണം സംഭാവന ചെയ്യുവാൻ ആഗ്രഹമുള്ള സന്മനസ്സു കൾക്ക് ഇതിലേക്ക് ഭക്ഷണം നൽകാവുന്നതാണ് എന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കൊടും വേനൽ അവസാനിക്കുന്നനാൾ വരെ കൊട്ടാരക്കര പുലമണിൽ തുടർന്നു വരുന്ന ഈ കുടിവെള്ള വിതരണ സംവിധാനം പൊതുജനങ്ങൾക്കും ഓട്ടോ, ടാക്സി തൊഴിലാളികൾക്കും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും പ്രയോജന പ്രദമാകുമെന്നും, സാമൂഹ്യപ്രതിബദ്ധയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തു നടത്തി വരുന്നു, ഇത്തരത്തിൽ കുടിവെള്ള വിതരണം ജില്ലയിലെ എല്ലാ യുണിറ്റിലും പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിൽ വരുത്താൻ വേണ്ട ഇടപെടൽ സംഘടന നടത്തുന്നതാണ്. കൊട്ടാരക്കര പുലമൺ ട്രാഫിക് പോയിന്റിനു സമീപം തയ്യാറാക്കിയ കുടിവെള്ള വിതരണ കേന്ദ്രത്തിൽ 3 വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ച് ആരംഭിച്ച കുടിവെള്ള വിതരണ ചടങ്ങിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു, കൊട്ടാരക്കര എസ് എച്ച് ഓ ജോസഫ് ലിയോൺ, എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോൺസൺ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ദീപു.കെ.എസ്, ആർ. രാജീവൻ, കെ ഉണ്ണികൃഷ്ണ പിള്ള, ശ്രീകുമാർ, ഹോം ഗാർഡ് സുഗതൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സാജു.ആർ. എൽ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ് നന്ദിയും പറഞ്ഞു.