പുനലൂർ: വാളക്കോട് സ്വദേശിനിയായ യുവതിയുടെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചു പണയം വച്ച ഇടമൺ അണ്ടൂർപച്ച സ്വദേശിയെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം.
പുനലൂർ വാളക്കോട് സ്വദേശിനിയായ യുവതി വിളക്കുവെട്ടം ചന്ദനശേരി വയലിനോട് ചേർന്നുള്ള ഭാഗത്തുകൂടി ഇന്നലെ രാവിലെ ജോലിക്ക് പോവുകയായിരുന്നു. ഈ ഭാഗത്ത് സ്ഥിരമായി പശുവിന് തീറ്റിക്കായി പുല്ല് അറുക്കുവാനായി വരുന്ന പ്രതി ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ രാവിലെ 7 മണിയോടുകൂടി നടന്നു വന്ന യുവതിയുടെ കണ്ണിൽ ചാമ്പൽ വിതറി മാല പൊട്ടിച്ചു പെട്ടെന്ന് സ്കൂട്ടർ എടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ SHO ശ്രീ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വരികയായിരുന്നു. പുനലൂർ DySP ശ്രീ വിനോദിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് SI മാരായ ഹരീഷ്, അജികുമാർ,ജീസ് മാത്യു, ASI മാരായ രാജൻ, അമീൻ സി.പി.ഒ മാരായ അജീഷ്, ഗിരീഷ്, ഉമേഷ് എന്നിവർ ചേർന്ന് ഇന്നലെ വൈകിട്ടോടെ പ്രതിയായ വാളക്കോട് നെല്ലിപ്പള്ളി താഴേക്കട വാതുക്കൽ എന്ന സ്ഥലത്ത് ജാസ്മിൻ മൻസിലിൽ നിന്നും ഇടമൺ-34 എന്ന സ്ഥലത്ത് സബ്ബ് സ്റ്റേഷന് സമീപം ചരുവിള പുത്തൻ വീട്ടിൽ ജമാലുദീനെ(60) വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊട്ടിച്ചെടുത്ത മാല ഇയാൾ ഇടമൺ 34 ഉള്ള കൈലാത്ത് ഫൈനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽ മുപ്പതിനായിരം രൂപയ്ക്ക് പണയം വെച്ചിരുന്നു. പോലീസ് സംഘം ഇയാൾ പണയം വച്ച സ്വർണവും അതുവഴി കിട്ടിയ 30000 രൂപയും കണ്ടെടുത്തു. ഇത്തരം ഒരു കേസിലെ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു മുഴുവൻ സ്വർണവും പണവും വീണ്ടെടുത്തു പുനലൂർ പോലീസ് മികവ് തെളിയിച്ചിരിക്കയാണ്. സമീപകാലത്ത് തെക്കൻ ജില്ലകളിൽ നടന്ന സമാന സംഭവങ്ങളിൽ ഏതെങ്കിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരുന്നതായി
എസ് ഐ മാരായ ഹരീഷ്, അജികുമാർ എന്നിവർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.