പത്തനാപുരം : കഴിഞ്ഞ ദിവസം പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്നല ശിവക്ഷേത്രത്തിലും പുന്നല ഗവ. സ്കൂളിലും മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പുന്നല സ്കൂളിൽ നടന്ന മോഷണത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിൻറേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളതാണ്. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള മുകേഷ് ആണെന്ന് വെളിവായിട്ടുള്ളതാണ്. തുടർന്ന് പത്തനാപുരം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അരുൺകുമാറും പാർട്ടിയും പ്രതി താമസിക്കുന്ന പുന്നല ഇഞ്ചൂർ കോളനിയിൽ എത്തിച്ചേർന്ന് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിക്കവെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചു വിടുകയും കത്തിയെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഓ വിഷ്ണുവിനെ കുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സബ്ബ് ഇൻ്സ്പെക്ടറുമായി പിടിവലി ഉണ്ടാകുകയും എസ്സ് ഐയുടെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽ കടന്നു പിടിക്കുകയും തുടർന്ന് പിസ്റ്റളിൽ നിന്ന് അബദ്ധവശാൽ വെടി ഉതിർത്തു. പ്രതിക്ക് നിസാര പരിക്ക് എറ്റിട്ടുള്ളതാണ്. പുനലൂർ സ്വദേശിയായ പ്രതി പുന്നല ഇഞ്ചൂർ കോളനിയിലുള്ള ഭാര്യവീട്ടിൽ കഴിഞ്ഞ രണ്ടു മാസമായി താമസിച്ചു വരുകയായിരുന്നു. പത്തനാപുരം, അഞ്ചൽ, പുനലൂർ എന്നീ സ്റ്റേഷനുകളിലായി ഏകദേശം 20 ഓളം ക്രിമിനൽ കേസുകൾ പ്രതിക്കെതിരെ നിലനിൽക്കുന്നുണ്ട്. കൂടാതെ പ്രായാപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചതിന് കാസർകോട് ചീമേനി പോലീസ് സ്റ്റേഷനിൽ വാറണ്ട് നിലവിലുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരായ എസ്സ് ഐ അരുൺകുമാർ, സാബു പി ലൂക്കോസ്, സിപിഓ 7627 വിഷ്ണു, സിപിഓ 7534 വിനീത് എന്നിവർക്ക് ഈ സംഭവത്തിൽ പരിക്കേല്ക്കുകയും ചെയ്തു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പോലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതിക്കെതിരെ പത്തനാപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിൽ ചിതികിത്സയിലുണ്ടായിരുന്ന പ്രതിയെ ഡിസ്ചാർജ്ജ് ചെയ്യുകയും ഇദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.
