സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണം. സർക്കാർ, സന്നദ്ധ മേഖലയിലുള്ള ധാരാളം പാലിയേറ്റീവ് കെയർ യൂണിറ്റുകൾ നിലവിൽ കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ പരിചരണം നൽകുന്നുണ്ട്. ഗുരുതരമല്ലാത്ത പാലിയേറ്റീവ് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാതെ വീടുകളിൽ പോയി ശാസ്ത്രീയമായ പരിചരണം നൽകുവാൻ എല്ലാ യൂണിറ്റുകൾക്കും കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടേയും പ്രവർത്തകരുടേയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
സന്നദ്ധമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്കും വോളന്റിയർമാർക്കും കോവിഡ് രോഗികളുടെ പരിചരണത്തിൽ പരിശീലനം നൽകിവരുന്നു. മുഴുവൻ നഴ്സുമാർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. രോഗികളുടെ ചികിത്സക്ക് വേണ്ട നിർദ്ദേശങ്ങൾ അതാതു ജില്ലയിലെ ഡോക്ടർമാർക്ക് ഫോൺ മുഖാന്തരം നൽകുവാൻ കഴിയും. ഇസഞ്ജീവിനി പ്ലാറ്റ്ഫോമും ഉപയോഗപ്പെടുത്തണം.