മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ സമ്പൂർണ്ണ യോഗം 2022-23 വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. മാനവശേഷി വികസനം, വിജ്ഞാനം, സുസ്ഥിര വളർച്ച എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
തൊഴിൽ, പശ്ചാത്തലസൗകര്യ വികസനം, വരുമാനം ഉറപ്പുനൽകുന്ന സേവനങ്ങൾ, നൈപുണ്യ വികസനം, ശാസ്ത്ര-സാങ്കേതികവിദ്യ, ഉന്നതവിദ്യാഭ്യാസം എന്നിവയുടെ ഊർജ്ജിത പുരോഗതി ഉറപ്പുവരുത്തി അതിലൂടെ വരുമാനം വർധിപ്പിച്ച് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനം ആസൂത്രണത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും കാര്യത്തിൽ അനേകം വെല്ലുവിളികൾ നേരിടുന്നതായും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ നിലവിലുള്ള പരിമിതികൾക്കുള്ളിലും വിഭവസമാഹരണത്തിൽ സംസ്ഥാനങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിലും ആധുനികവും സമ്പദ് സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഉന്നംവെച്ചുള്ളതാണ് 2022-23 വാർഷിക പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.