കൊട്ടാരക്കര : ഭക്ഷ്യയോഗ്യമല്ലാത്തതും കീടനാശനികൾ കലർന്നതുമായ റേഷനരി വിതരണം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സപ്ലൈകോ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കുറ്റക്കാരെന്നു കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളും കൊട്ടാരക്കരയിലെ ഡിപ്പോ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾക്കുള്ള അനുമതിയും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിൽ തേടുന്നുണ്ട്.
2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുക. ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യം വിൽപ്പന നടത്താൻ ശ്രമിച്ചെന്നാണ് കേസ്. കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരേ നിയമനടപടികൾ ആരംഭിക്കും.
2500 ചാക്ക് റേഷനരിയാണ് കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടിയുള്ള അരി യഥാസമയം വിതരണം ചെയ്യാതെ ഇരുന്നു പഴകിയ നിലയിൽ കണ്ടെത്തിയത്. പഴകിയ റേഷനരി വൃത്തിയാക്കി വിതരണം ചെയ്യാൻ ഉത്തരവിട്ടത് സപ്ലൈകോ മാനേജിങ് ഡയറക്ടറായിരുന്നു. അതനുസരിച്ച് കീടനാശിനി കലർത്തി അരി വൃത്തിയാക്കുന്നതിനിടെ ബി.ജെ.പി. പ്രവർത്തകരും നാട്ടുകാരും തടഞ്ഞതോടെ സംഭവം വിവാദമായി. ഇതോടെയാണ് പോലീസ് നിർദേശപ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി അരി പരിശോധിച്ചത്.
.