നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾ വരുമ്പോൾ ചിലർ ശക്തമായ എതിർപ്പുമായി മുന്നോട്ടുവരുന്ന നിർഭാഗ്യകരമായ സാഹചര്യം സംസ്ഥാനത്തു നിലനിൽക്കുന്നതായും ഇതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസന പദ്ധതികളിലൂടെ പശ്ചാത്തല വികസനം സാധ്യമാക്കി ജനങ്ങളുടെ ജീവിത സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരത്തിലും പുരോഗതിയുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരിക്കുന്ന സർക്കാർ അതിന്റെ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് അർഥമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കണം. വികസന കാര്യങ്ങളെ എതിർക്കാനും നാടിന്റെ താത്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കാനും ചില ശക്തികൾ മുന്നോട്ടുവന്നാൽ അതിനു വഴിപ്പെടേണ്ടതില്ല. അതു നാടിന്റെ താത്പര്യം ബലികഴിക്കലാണ്. നാടിന്റെ താത്പര്യം നടപ്പാക്കുക എന്നതു ദൗത്യമായി ഏറ്റെടുക്കുമ്പോൾ അനാവശ്യമായി എതിർപ്പുന്നയിക്കുന്നവർക്കു മുന്നിൽ വഴങ്ങിക്കൊടുക്കുന്നത് സർക്കാരിന്റെ ധർമല്ല എന്ന നിലപാടാണു കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. ആ സമീപനം തുടരും – മുഖ്യമന്ത്രി വ്യക്തമാക്കി.