പത്തനാപുരം: രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രാ സ്വദേശികളായ രണ്ടു പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടി. ആന്ധ്രാ വിശാഖപട്ടണം സ്വദേശികളായ രാമു(24), മുരല്ല ശ്രാവൺ കുമാർ(27) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽനിന്നും 965 ഗ്രാം ഹരീഷ് ഓയിൽ കണ്ടെടുത്തു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലെ മൊത്തകച്ചവടക്കാർക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വിശാഖ പട്ടണത്തിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് രാമു. ഹാഷിഷ് ഓയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു ബാഗിൽ സൂക്ഷിക്കുകയായിരുന്നു. ആന്ധ്രായിൽ നിന്ന് കായംകുളത്തു ട്രെയിൻ ഇറങ്ങിയ ഇവർ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പത്തനാപുരത്തെത്തിയത്. കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന മാരക ലഹരിമരുന്നാണ് ഹാഷിഷ് ഓയിൽ . ഇതിൽ അടങ്ങിയിരിക്കുന്ന രാസപഥാർത്ഥമായ ” കന്നാബിനോയിഡ്സ് ” മനുഷ്യരിൽ മാരകമായ ലഹരി ഉളവാക്കുകയും സ്വബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കഞ്ചാവിനേക്കാൾ അഞ്ചിരട്ടിയോളം ലഹരിയെറിയ ഇതിന്റെ തുടർച്ചയയായ ഉപയോഗം മൂലം മരണം വരെ സംഭവിക്കാം. ഒരു കിലോ വരെ ഹാഷിഷ് ഓയിൽ കൈവശം വയ്ക്കുന്നത് NDPS നിയമ പ്രകാരം 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേരള ഡിജിപി യുടെ “ഓപ്പറേഷൻ കാവൽ” , റേഞ്ച് ഡി.ഐ.ജി യുടെ ഓപ്പറേഷൻ ട്രോജൻ തുടങ്ങിയ പദ്ധതികൾ പ്രകാരം റൂറൽ ജില്ലയിലുടനീളം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ DYSP R . അശോക് കുമാർ , ഡാൻസാഫ് S. I ബിജു പി. കോശി, ശിവശങ്കരപിള്ള, അനിൽ കുമാർ, അജയ് കുമാർ, രാധാകൃഷ്ണപിള്ള ,പത്തനാപുരം SHO S . ജയകൃഷ്ണൻ S. I മാരായ രവീന്ദ്രൻ നായർ മധുസൂദനൻ പിള്ള, രാജേഷ്, ASI മാരായ ബിജു ജി എസ് നായർ, സഞ്ജീവ് മാത്യു , സിപി ഓ മാരായ റിയാസ്, രഞ്ജിത്, ഹരിലാൽ, ഗിരീഷ്, ശബരീഷ്, മഹേഷ് മോഹൻ, ഹോം ഗാർഡ് പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പുതുവത്സരം പ്രമാണിച്ചു ഇത്തരത്തിലുള്ള വ്യാപകമായ റെയ്ഡ് തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
