ന്യൂഡൽഹി∙ കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമിക്രോൺ എന്നു കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തിൽ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയാറെടുപ്പുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഡേറ്റ വിശകലനത്തിനുള്ള ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സംസ്ഥാനങ്ങളിൽ വാർ റൂമുകൾ സജ്ജമാക്കണം. കോവിഡ് പരിശോധന വർധിപ്പിക്കണം. രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കർഫ്യൂ, ആൾക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കാമെന്നും കത്തിൽ വ്യക്തമാക്കി.