കൊല്ലം : നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടി സീൽ ചെയ്തിരുന്ന പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് ആരംഭിച്ചു. കൊട്ടാരക്കര താലൂക്കിലെ എഴുകോൺ, പുത്തൂർ, കൊട്ടാരക്കര എന്നീ ബ്രാഞ്ചുകളിലാണ് പരിശോധന ആരംഭിച്ചത്. പോപ്പുലർ ഫിനാൻസ്, പോപ്പുലർ ലോൺ, പോപ്പുലർ ഫിനാൻസ് നിധി, മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് തുടങ്ങിയ പേരുകളിലായിപ്രവർത്തിച്ചിരുന്ന കൊട്ടാരക്കര താലൂക്കിലെ പുത്തൂർ എഴുകോൺ, കൊട്ടാരക്കര, പൂയപ്പള്ളി, അമ്പലംകുന്ന്, മടത്തറ കരിക്കം , നിലമേൽ, ഓടനാവട്ടം ബ്രാഞ്ചുകൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ബ്രാഞ്ചുകളിലും കണക്കെടുപ്പ് തുടരുന്നു. എഴുകോൺ ബ്രാഞ്ചിൽ മാത്രം കഴിഞ്ഞ ദിവസം കൊട്ടാരക്കര തഹസീൽദാർ നിർമൽ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ ജി. അജേഷ് എഴുകോൺ വില്ലേജ് ഓഫീസർ ഷാജി വർഗീസ് , എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 417 പായ്കറ്റുകളിലായി പണയം വച്ചിരുന്ന 3.5 കിലോ സ്വർണവും 14 ലക്ഷത്തോളം രൂപയുടെ കറൻസിയും കോടിക്കണക്കിനു രൂപയുടെ നിക്ഷേപ വിവരങ്ങളും കസ്റ്റഡിൽ എടുത്തു മഹസർ തയ്യാറാക്കി സീൽ ചെയ്തു പോലീസ് എസ്കോർട്ടോടെ കൊട്ടാരക്കര സബ് ട്രഷറി യിൽ ഏൽപ്പിച്ചു.
ഫർണിചർ, കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള സാധനങ്ങളുടെ മഹസർ തയ്യാറാക്കി ബ്രാഞ്ചിൽ തന്നെ സൂക്ഷിച്ചു സീൽ ചെയ്തു. പരിശോധനയിൽ ലീഡ് ബാങ്ക് മാനേജർ, എഴുകോൺ IOB ഉദ്യോഗസ്ഥർ, പോലീസ്, താലൂക്ക് ഓഫീസ് ജീവനക്കാരായ അരുൺകുമാർ , NS സുനിൽ, സന്തോഷ്കുമാർ , ഷിബു എന്നിവരും പങ്കെടുത്തു. തഹസീൽദാർമാരായ പദ്മചന്ദ്ര കുറുപ്, വിജയകുമാർ ഡെപ്യൂട്ടി തഹസീൽദാർമാരായ റെജി കെ ജോർജ്, സുരേഷ് കുമാർ കെ ജി, ഷിജു ആർ എന്നിവരുടെ നേതൃത്വത്തിൽ പുത്തൂർ കൊട്ടാരക്കര ബ്രാഞ്ചുകളിലും പരിശോധന നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ബ്രാഞ്ചുകളിലും പരിശോധന നടത്തി 8 തീയതിക്കു മുമ്പായിപരിശോധന പൂർത്തീകരിക്കാനാണ് തീരുമാനം.