കേരളത്തിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്സും ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട്മെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്.
