കനത്തമഴയിൽ കൊല്ലം നഗരത്തിൽ പ്രധാന പാതകളിലടക്കം പലയിടത്തും വെള്ളക്കെട്ടുണ്ടായി. കരിക്കോട്, അറുനൂറ്റിമംഗലം ഡിവിഷനുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കിവിടാൻ അഷ്ടമുടിക്കായലിലേക്ക് നിർമിച്ച ഓടയുടെ പണി പൂർത്തിയാകാത്തതിനാൽ മങ്ങാട് ഭാഗത്ത് വെള്ളക്കെട്ടുണ്ട്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണിപ്പോൾ.
ഓടനിർമാണം പൂർത്തിയാക്കി വെള്ളം അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിവിടാൻ സൗകര്യമൊരുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ വാക്ക് നൽകിയിരുന്നെങ്കിലും നടപ്പായില്ല. നേരത്തേ വെള്ളക്കെട്ടുണ്ടായപ്പോൾ ഓട പൊളിച്ചാണ് പ്രശ്നം പരിഹരിച്ചത്. ശക്തികുളങ്ങര, പൂവൻപുഴ, മൂത്തേഴം, കാട്ടുവിള ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. മൂത്തേഴം ഗുരുമന്ദിരത്തിന്ുസമീപം ഓടനിർമാണം നിലച്ചതിനാൽ പതിനഞ്ചു വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വെള്ളം പമ്പുചെയ്തുകളയുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മഴയ്ക്കുമുൻപുതന്നെ ഓടകളുടെ ശുചീകരണം നടത്തിയതിനാൽ പ്രശ്നങ്ങൾ ഒഴിവായിട്ടുണ്ടെന്നും അവർ പറഞ്ഞു.