കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന് അറിയിച്ചു. തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ 11.30ന് ആരംഭിക്കും.
രാവിലെ 11ന് തൈക്കാട് ഗവ. മോഡല്‍ എല്‍.പി സ്കൂള്‍ അങ്കണത്തില്‍ നിന്ന് പോലീസിന്റെ തുറന്ന ജീപ്പില്‍ ഇത്തവണത്തെ കുട്ടികളുടെ നേതാക്കള്‍, സമിതി ഭാരവാഹികളുടെ അകമ്പടിയോടെ ശിശുക്ഷേമ സമിതി ഹാളില്‍ പ്രവേശിക്കും. തുടര്‍ന്ന് കുട്ടികളുടെ നേതാക്കളുടെ പൊതുസമ്മേളനം ആരംഭിക്കും. കുട്ടികളുടെ പ്രസിഡന്റ് ഉമ. എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മിന്ന രഞ്ജിത് സ്വാഗതം പറയും. കുട്ടികളുടെ പ്രധാനമന്ത്രി നിധി പി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ദേവകി ഡി.എസ് മുഖ്യപ്രഭാഷണം നടത്തും. ധ്വനി ആഷ്മി നന്ദി പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശിശുദിന സന്ദേശം ചടങ്ങില്‍ വായിക്കും.
