തിരുവനന്തപുരം: പ്രളയ ദുരന്തബാധിതരുടെ പരിപൂര്‍ണ സുരക്ഷ മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്. ഈ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കല്ലിയൂര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 428 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,000 പേരെ സുരക്ഷിതരായി പാര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എത്ര ക്യാമ്പുകള്‍ വേണമെങ്കിലും ആരംഭിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
