സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴിൽ നൽകുന്നത്.
10,000 തൊഴിൽ നൽകുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. സംരംഭകത്വ മേഖലയിൽ സഹകരണ വകുപ്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ 151 പേർക്ക് സ്ഥിരം നിയമനം നൽകി. കേരള ബാങ്കിൽ 13 സ്ഥിരം നിയമനങ്ങളും നൽകി. കേരള ബാങ്കിൽ മാത്രം 10,093 സംരംഭക തൊഴിൽ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പിൽ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തിൽ 6540 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.