കൊട്ടാരക്കര : എം.സി റോഡിൽ കൊട്ടാരക്കര പുത്തൂർമുക്കിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ പിന്നിൽ ബുള്ളറ്റ് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സൈനികനായ സുഹൃത്തിന് ഗുരുതര പരിക്ക്. പുനലൂർ ശിവൻകോവിൽ റോഡ് പുഷ്പമംഗലത്ത് വീട്ടിൽ പി.ബി.ചന്ദ്രകുമാറിന്റെ മകൻ പി.സി.അർജുനാണ്(23) ആണ് മരിച്ചത്. പുനലൂർ തൊളിക്കോട് നെല്ലിക്കുഴിയിൽ വീട്ടിൽ എൻ.ആർ.ഷിബിയുടെ മകൻ എബി ബിജുവിനാണ് പരിക്കേറ്റത്. എബി ബിജുവിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികളാണ് പിക്കപ്പിൽ വന്നത്. ബുള്ളറ്റ് അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഓടിക്കൂടിയവർ പുത്തൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ തകരാറായതിനാൽ നടന്നില്ല. ആംബുലൻസ് എത്താനും വൈകി. തുടർന്ന് നാട്ടുകാർതന്നെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ അർജുൻ മരിച്ചു. പിന്നീട് പുത്തൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
