സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്സിനേഷന് കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.