സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്.ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗ് എംഎല്‍എമാരായ നജീബ് കാന്തപുരം, യു എ ലത്തീഫ്, എം കെ മുനീര്‍, പി അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ പോലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്ലീപ്പര്‍ സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. ഭീകരവാദ വിരുദ്ധ സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കാനാകുമെന്നും മുന്‍ ഡിജിപി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.
എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) യില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആദ്യം തന്നെ ഈ സംഭവം തലയില്‍ കയറി. കിട്ടുന്ന വിവരം അനുസരിച്ച് നോക്കിയാല്‍ കേരളം ഭീകരരുടെ വലിയ റിക്രൂട്ടിങ് കേന്ദ്രമാണ്. കാരണം ഇവിടത്തെ ആള്ക്കാര് ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഭീകരര്‍ക്ക് വേണ്ടതും അത്തരക്കാരെയാണ്. അവരുടെ ഏറ്റവും വലിയ ലക്ഷ്യവും അതാണ്. അവരെ ഏത് രീതിയിലും അവര്‍ സ്വാധീനിച്ച്, വര്‍ഗീയവത്കരിച്ച് കൊണ്ടുപോകും. അതിന് അവര്‍ക്ക് പലമാര്ഗ്ഗങ്ങളുമുണ്ട്. അത് തുറന്ന് പറയാനാകില്ല. അത്തരത്തില്‍ കുറേ ആള്‍ക്കാരെ ഇവിടന്ന് അവര്‍ കൊണ്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതും ഗൗരവവകരമാണ്’, ബെഹ്റ പറഞ്ഞു.
തീവ്രവാദികളുടെ സ്ലീപ്പിങ് സെല്‍ ഇല്ലെന്ന് പറയാനാകില്ല. സ്ലീപ്പിങ് സെല്‍ എന്നാല്‍ അവര്‍ നിശ്ചലമായി ഇരിക്കുന്നവരാണ്. അവരുടെ മുകളിലുള്ളവരുടെ (ഹാന്‍ഡ്) നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഇവിടെ ഉണ്ട്. അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടിയുറച്ച തീവ്രവാദികളെ ഇല്ലായ്മ ചെയ്യുക തന്നെ വേണം. സംസ്ഥാനത്ത് അതീവ ഗൗരവതരമായ സ്ഥിതി ഇല്ല. എങ്കിലും അതിനെ നിസാരമായി കാണാനാകില്ലെന്നും ബെഹ്റ പറഞ്ഞു.