മലപ്പുറം : സദാചാരഗുണ്ടായിസത്തിന്റെ പേരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. സുഹൃത്തായ സ്ത്രീയോട് വാട്സാപ്പില്‍ ചാറ്റ് ചെയ്തതിന് അദ്ധ്യാപകന് നേരിടേണ്ടി വന്നത് ഭീകരമായ സദാചാര ഗുണ്ടായിസം. സ്വന്തം അമ്മയുടെയും മകളുടെയും മുന്നിൽ വച്ച് ആക്രമണം നേരിട്ട വിഷമത്തില്‍ പ്രശസ്ത കലാസംവിധായകനും അദ്ധ്യാപകനും സിനിമ-സാംസ്കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ മലപ്പുറം വലിയോറ ആശാരിപ്പടിയില്‍ സുരേഷ് ചാലിയത്ത്(44) ആത്മഹത്യ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് സുരേഷിനെ ഒരുസംഘം ആളുകള്‍ വാഹനത്തിലെത്തി വീട്ടില്‍വച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് പിടിഎ പ്രസിഡന്റിന്റെ വീട്ടില്‍ വച്ച് സമാധാന ചര്‍ച്ചയ്ക്കെന്ന പേരില്‍ വലിച്ചിഴച്ച് കൊണ്ടുപോയി ഇവിടെവച്ചും മര്‍ദ്ദിച്ചതായാണ് വിവരം. തുടർന്നു ഇന്ന് പുലര്‍ച്ചെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി അദ്ധ്യാപകനായ സുരേഷ് വളരെ വിഷമത്തിലായിരുന്നു. മലപ്പുറം ജില്ലയിലെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
