സംസ്ഥാനത്തെ മദ്യശാലകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്ക് ഹൈകോടതി നിര്‍ദേശം നല്കി. മദ്യം വാങ്ങാന്‍ എത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധികള്‍ക്ക് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മദ്യ വില്‍പ്പനശാലകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ പരിഹരിക്കാത്തതില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഒന്നുകില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക അല്ലെങ്കില്‍ പൂര്‍ണമായും അടച്ചിടുക എന്നതാണ് മുന്നിലുള്ള മാര്‍ഗ്ഗം. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. മദ്യശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്സ്സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്നും ബെവ്കോ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിച്ചു. കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനയ്ക്കും ബാധകമാക്കണമെന്ന് ഹൈകോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.