കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ പേരില്‍ പൊലീസിനെതിരെ കര്‍ശന വിമര്‍ശനം ഉയരുമ്ബോഴും പൊലീസ് നടപടിയെ കൈവിടാതെ മുഖ്യമന്ത്രി. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തുവന്നു. പൊലീസ് പൂര്‍ണമായും ജനകീയ സേനയാണെന്നും പൊലീസ് ജനങ്ങള്‍ക്കെതിരാണെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടിയായി പറഞ്ഞു.
അനുഭവത്തിലൂടെ എന്താണ് കേരളത്തിലെ പൊലീസ് എന്ന കഴിഞ്ഞകാലം കേരളത്തിന്റെ അനുഭവങ്ങള്‍ നോക്കി മനസ്സിലാക്കണം. ദുരന്തമുഖത്ത് ജനങ്ങളോട് ചേര്‍ന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയായി മാറുവാന്‍ കേരളത്തിലെ പൊലീസിന് കഴിയുന്നത് നമ്മുടെ നാടിന്റെ അനുഭവമാണ്. മഹാമാരിയുടെ ഘട്ടത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ല. പൊലീസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പൊലീസിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പൊലീസ് ശ്രമിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ഉതകുന്ന രീതിയില്‍ പൊലീസിനെ മാറ്റാന്‍ കഴിഞ്ഞത് സര്‍ക്കാരിനെയും നേട്ടം. പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. തീവ്രവാദ ശക്തികളും വര്‍ഗീയവാദികളും പൊലീസിനെതിരെ നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അട്ടപ്പാട്ടിയില്‍ ആദിവാസി ഊരില്‍ മൂപ്പനെയും മകനെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടി നിയമസഭയില്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണെന്നും അട്ടപ്പാട്ടി വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനാണ് വിഷയം സഭയില്‍ അറിയിച്ചത്.
പൊലീസ് ഉടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍ ഷംസുദ്ദീന് സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും എന്‍ ഷംസുദ്ദീന് നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് ഊരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ഊരില്‍ പ്രവേശിച്ചത്. പൊലീസ് നടപടിക്കിടെ കുട്ടിയുടെ മുഖത്ത് അടിച്ചു. കുട്ടിയുടെ വസ്ത്രം ഊരിക്കുന്ന നിലയുണ്ടായി. ആദിവാസി ഊരില്‍ കയറണമെങ്കില്‍ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയയം കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുരുങ്ങി വരുമാനമില്ലാതെ ജനങ്ങള്‍ പൊറുതിമുട്ടിയ മൂന്നുമാസക്കാലത്താണ്, പൊലീസ് ഈ തുക ‘പെറ്റി’ ഇനത്തില്‍ പിരിച്ചെടുത്തതെന്നതാണ് പുറത്തുവന്ന വാര്‍ത്തകള്‍.
രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മെയ് എട്ടു മുതല്‍ ഓഗസ്റ്റ് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇക്കാലയളവിനിടെ 17.75 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്ക് ധരിക്കാത്തതിനു മാത്രമാണ്. 4.7 കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 2.3 ലക്ഷം വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്തു. അഞ്ഞൂറു രൂപ മുതല്‍ അയ്യായിരം വരെയാണ്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
മാസ്ക് ധരിക്കാത്തതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അഞ്ഞൂറു രൂപയാണ് പിഴ. 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതില്‍നിന്ന് 53.6 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചെന്നാണ് കണക്കാക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്വാറന്റൈന് ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തില്‍ 5920 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും അഞ്ഞൂറു മുതല്‍ അയ്യായിരം വരെയാണ് പിഴ.