ബാങ്കിംഗ് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ 4% ആയി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കുകളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി നിലനിര്‍ത്തി.
കൂടുതല്‍ വായ്പകള്‍ അനുവദിക്കുകയും അതുവഴി കൂടുതല്‍ പണം വിപണിയില്‍ എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിനു സഹായകരമാകുന്ന രീതിയില്‍ പ്രധാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നു. കോവിഡ് -19 പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന സൂചനയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കുന്നത്. എന്നാല്‍ രാജ്യം മെച്ചപ്പെട്ട നിലയിലാണെന്നും പല സാമ്പത്തിക സൂചകങ്ങളും മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ക്കെതിരെ ജാഗരൂകരാകണം എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെര്‍ച്വല്‍ പ്രഭാഷണത്തില്‍ പറഞ്ഞു. ‘കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ തിരിച്ചടിയില്‍ നിന്നും സമ്പദ്വ്യവസ്ഥ തിരിച്ചെത്തുന്നു, പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളും തുടരണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല കാലവര്‍ഷവും മെച്ചപ്പെട്ട സാമ്പത്തിക സൂചകങ്ങളും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐ തുടര്‍ച്ചയായ ഏഴാം തവണയും പ്രധാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. FY22 ലെ വളര്‍ച്ചാ പ്രവചനവും 9.5 ശതമാനത്തില്‍ നിലനിര്‍ത്തി.
ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍ തുടരുമ്പോഴും പണപ്പെരുപ്പം ക്രമേണ നിയന്ത്രണവിധേയമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ തരംഗം ഇല്ലാതായതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടുവെന്നും അതിന്റെ ഫലമായി ഉപഭോഗം, നിക്ഷേപം, ബാഹ്യ ആവശ്യം എന്നിവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുസാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ടതിനാല്‍ സാമ്പത്തിക വിപണികള്‍ക്കും നേട്ടമുണ്ടായെന്ന് ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.