രണ്ടു മാസത്തിനിടയിൽ ശാന്തൻപാറ പഞ്ചായത്തിലെ വിവിധ മലനിരകളിൽ വ്യാപകമായിട്ടാണ് നീലകുറിഞ്ഞികൾ പൂവിട്ടത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ മലനിരകളെ വീണ്ടും നീല പട്ട് പുതപ്പിച്ച് നീലകുറിഞ്ഞികൾ പൂത്തു. രണ്ടു മാസത്തിനിടയിൽ ശാന്തൻപാറ പഞ്ചായത്തിലെ വിവിധ മലനിരകളിൽ വ്യാപകമായിട്ടാണ് നീലകുറിഞ്ഞികൾ പൂവിട്ടത്. കഴിഞ്ഞ മാസം പൂവിട്ട കിഴക്കാതിമലനിരയോട് ചേർന്ന് ശാലോം കുന്ന് മലനിരകളിലാണ് ഇത്തവണ വ്യാപകമായി കുറിഞ്ഞി പൂത്തിരിക്കുന്നത്.
രണ്ടു മാസക്കാലമായി ശാന്തൻപാറയുടെ മലനിരകൾ നീലകുറിഞ്ഞികളാൽ സമ്പന്നമാണ്. ജൂൺ മാസത്തിൽ ശാന്തൻപാറ പഞ്ചായത്തിലെ കിഴക്കാതി മലനിരകളിൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. മൂന്ന് ഏക്കറോളം സ്ഥലത്താണ് അന്ന് നീലകുറിഞ്ഞികൾ പൂവിട്ടത് . തുടർന്ന് പുത്തടി മലനിരകളിലും നില വസന്തം വിരുന്ന് എത്തിയിരുന്നു. ശക്തമായ കാലവർഷത്തിന്റെ വരവോടെ കുറിഞ്ഞി പൂക്കൾ നിറം മങ്ങി കൊഴിഞ്ഞു വീണു. മഴ മാറി മാനം തെളിഞ്ഞതോടെ വർണ്ണ വിസ്മയം തീർത്ത് നീലകുറിഞ്ഞികൾ മൊട്ടിട്ടു തുടങ്ങി. ഇത്തവണ ശാന്തൻപാറ ശാലോം കുന്ന് മലനിരകളിലാണ് വ്യാപകമായി നീലകുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത് വിവിധ മലനിരകളിലായി പത്ത് ഏക്കറിലധികം കുറിഞ്ഞി ചെടികളാണ് പൂവ്വിട്ടിരിക്കുന്നത്.ശാന്തൻപാറ ഫോറസ്റ്റ് ഓഫിന് സമീപത്ത് നിന്നും ശാലോം കുന്ന് യാക്കോബായ പള്ളിയുടെ മുൻപിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിൽ എത്താം കോടമഞ്ഞു മൂടിയ മനിരകളെ ഇളം കാറ്റ് തഴുകി തലോടുമ്പോൾ വർണ്ണ വിസ്മയ കാഴ്ചകൾ തെളിയുകയാണിവിടെ.
കഴിഞ്ഞ വർഷവും ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി ഗ്രാമമായ തോണ്ടിമലയിൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു ഈ കോവിഡ് കാലത്തും തുടർച്ചയായി ശാന്തൻപാറയിലെ മലനിരകൾ പ്രത്യാശയുടെ വർണ്ണ വസന്തം പകർന്നു നൽകുന്നതിനൊപ്പം ഒരു വ്യാഴവട്ടകാലത്തിന്റെ സമ്പത്തായ കുറിഞ്ഞികൾ സംരക്ഷിക്കപ്പെടണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് പകർന്നു നൽകുന്നത് .പ്രാദേശിക സഞ്ചാരികൾക്ക് വർണ്ണ വിസ്മയം ആസ്വാദിക്കാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം വിനോദ സഞ്ചാരികളുടെ കണ്മുൻപിൽ നിന്നും കോവിഡ് എന്നാ മഹാമാരി ഈ നീലവസന്തത്തെ മറച്ചു പിടിച്ചിരിക്കുകയാണ് നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്ക് ഇടുക്കിയുടെ സ്വകാര്യ അഹങ്കാരമായ കുറിഞ്ഞികൾ മനം നിറയെ ആസ്വദിക്കാന് സാധിക്കും.