കുണ്ടറ : 2016 നവംബർ മാസം ഇരുപത്തിരണ്ടാം തീയതി കുണ്ടറ പേരയം വരമ്പിൻ ഭാഗത്ത് അടഞ്ഞു കിടന്നിരുന്ന ഇന്റർലോക്ക് നിർമ്മാണ കമ്പനിയിൽ വച്ച് നടന്ന അതിക്രൂരമായ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കുമ്പളം പുളിമുക്ക് പ്ലാവിള പടിഞ്ഞാറ്റേതിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ ലോറൻസ് കൊട്ടാരക്കര പട്ടികജാതി വർഗ പീഡന നിരോധന നിയമ പ്രകാരമുള്ള പ്രത്യേക കോടതി ജഡ്ജി ശ്രീ ഹരി ആർ ചന്ദ്രൻ ആണ് ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്.
സംഭവദിവസം ഇന്റർലോക്ക് നിർമാണ കമ്പനിയിൽ വച്ച് സുകു മോനെയും ബന്ധു സുരേന്ദ്രനെയും പ്രതിയായ അനിൽകുമാർ ഇന്റർലോക്ക് കട്ട വച്ച് ഇടിച്ചും അടിച്ചും അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അന്നത്തെ കുണ്ടറ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടിവി രമേശ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ബെന്നി ലാലു എംപി അരുൺ ദേവ് എന്നിവർ ചേർന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
മരണപ്പെട്ടവർ പട്ടികജാതി വിഭാഗത്തിൽ പെട്ടവർ ആയതിനാൽ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ കൊട്ടാരക്കര ഡിവൈഎസ്പി ആയിരുന്ന ബി കൃഷ്ണകുമാറിന് നൽകി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റമറ്റ രീതിയിൽ ചാർജ് ഷീറ്റ് നൽകുകയും ചെയ്തു. അന്വേഷണത്തിന് ഭാഗമായി മൂന്നുവർഷത്തിനുശേഷം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത് എല്ലുകളിൽ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. പിഴ തുക പ്രതി മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകണമെന്നും നൽകാത്ത പക്ഷം ആറുമാസം കൂടി കഠിനതടവിനും വിധി പ്രസ്താവനയിൽ പറയുന്നുണ്ട്. ഈ കേസിൽ പ്രോസിക്യൂട്ടർ അഡ്വ ജി എസ് സന്തോഷ്കുമാർ ഹാജരായി.