തിരുവനന്തപുരം : സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുള്ള പരിരക്ഷ അല്ലെന്ന് സുപ്രീം കോടതി. നിയമസഭാ കൈയ്യാങ്കളി കേസില്‍ കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശങ്ങള്‍. കേരള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. സഭയിലെ അക്രമം സഭാ നടപടിയുടെ ഭാഗമായി കാണാനാകില്ല. കേസ് പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നാണ് രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുള്ള പരിരക്ഷ അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ല. ഇന്ത്യയുടെ ഭരണ ഘടനയെയും നിയമ സംവിധാനത്തെയും സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ ചെയ്താണ് നിയമസഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്താവം വായിച്ചു തുടങ്ങിയത്. ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള അപക്ഷ ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
പൊതു മുതല്‍ നശിപ്പിച്ചു കൊണ്ടുള്ള ക്രിമിനല്‍ പ്രതിഷേധങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വരില്ലെന്നും കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാകാത്ത നടപടിയെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിക്കുന്നതെന്തിനാണെന്ന ചോദ്യവും വിധി പ്രസ്താവത്തിനിടെ കോടതിയില്‍ നിന്നുണ്ടായി. സുപ്രീം കോടതിയില്‍ നിന്ന് നിശിത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.
സഭയ്ക്കുള്ളില്‍ നടന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ പ്രോസിക്യൂഷന് നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്പീക്കറുടെഅധികാരങ്ങളും അവകാശങ്ങളും എല്ലാ കാര്യങ്ങള്‍ക്കും വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിധി പകര്‍പ്പ് ലഭിച്ച ശേഷം മറ്റു നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളിലാണ് നിര്‍ണായക വിധി
നിയമസഭയില്‍ നടന്നത് അംഗങ്ങളുടെ പ്രതിഷേധം മാത്രമാണ്. സഭയ്ക്കുള്ളിലെ നടപടികളില്‍ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണം. കേസ് രജിസ്റ്റര്‍ ചെയ്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണ്. പ്രതിഷേധത്തിന് കാരണം പ്രതിപക്ഷത്തിലെ വനിതാ അംഗങ്ങളെ അപമാനിച്ചതാണ്. എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ വാദം.
പ്രതിപ്പട്ടികയിലുള്ളവര്‍
- മന്ത്രി വി. ശിവന്‍കുട്ടി
- മുന്‍മന്ത്രി ഇ.പി. ജയരാജന്
- കെ.ടി. ജലീല്‍ എം.എല്‍.എ
- സി.കെ. സദാശിവന്
- കെ. അജിത്
- കെ. കുഞ്ഞഹമ്മദ്
ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.
കേസില്‍ ഇ പി ജയരാജന്, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് വി ശിവന് കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.