മലപ്പുറം: ഒന്നാം കോവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ ‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്കുന്നു’ എന്ന വ്യാജ സന്ദേശം കോവിഡിന്റെ രണ്ടാം തരംഗത്തിലും ജില്ലയില്‍ സജീവമാകുന്നതായും ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അക്ഷയ മലപ്പുറം ജില്ലാ പ്രൊജക്ട് മാനേജര്‍ പി. ജി ഗോകുല്‍ അറിയിച്ചു.
വ്യാജ സന്ദേശത്തെ തുടര്‍ന്ന് നിരവധി രക്ഷിതാക്കളാണ് തട്ടിപ്പിനിരയായത്. 10,000 രൂപ ലഭിക്കാനായി നിജസ്ഥിതി അന്വേഷിക്കാതെ അക്ഷയ കേന്ദ്രങ്ങളിലേക്ക് രക്ഷിതാക്കള്‍ ഇപ്പോഴും എത്തി കൊണ്ടിരിക്കുകയാണ്.കോവിഡ് 19 സപ്പോര്‍ട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നല്‍കുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാര്‍ഥ്യമറിയാതെ അധ്യാപകരടക്കം സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്ട്രേഷന് ഫീസായി 100 രൂപ മാത്രം ഈടാക്കുന്നതിനാല്‍ രക്ഷിതാക്കളും ആവേശത്തിലാണ്. എന്നാല്‍ അപേക്ഷയ്ക്കൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കുന്നുണ്ട്. ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അപേക്ഷയും രേഖകളും രജിസ്ട്രേഷന് ഫീസും പോകുന്നത് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്.