വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴിൽ – പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ ട്രേഡ് യൂണിയന് പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം വികസിപ്പിച്ചെടുത്താല്‍ മാത്രമേ സംസ്ഥാനത്തെ വ്യവസായ വികസനം യാഥാര്‍ഥ്യമാക്കുവാന്‍ സാധിക്കുകയുള്ളു.
തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ നാലു ലേബര്‍ കോഡുകള്‍. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. പാര്‍ലമെന്റിന്റെ ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ച യോഗത്തില്‍ ലേബര്‍ കോഡുകള്‍ സംബന്ധിച്ച കേരളത്തിന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയെങ്കിലും അതു പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. പുതിയ കോഡുകള്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ട്രേഡ് യൂണിയനുകളുടെ ക്രിയാത്മക സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രത്യേകമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. ഇതിനായി ഓരോ മേഖല സംബന്ധിച്ചും പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. തൊഴിലാളി ക്ഷേമമുറപ്പാക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ ആനത്തലവട്ടം ആനന്ദന് (സിഐടിയു), ആര്.ചന്ദ്രശേഖരന് (ഐഎന്‍ടിയുസി), കെ.പി.രാജേന്ദ്രന് (എഐടിയുസി), ജി.കെ.അജിത് (ബിഎംഎസ്), ബാബുദിവാകരന് (യുടിയുസി), അഡ്വ.എ. റഹ്മത്തുള്ള (എസ്ടിയു), ടോമി മാത്യു (എച്ച്എംഎസ്), വി.കെ.സദാനന്ദന് (എഐയുടിയുസി), സോണിയാ ജോര്‍ജ്ജ് (സേവ), ജോസ് പുത്തന്‍കാല (കെടിയുസി(എം), കവടിയാര്‍ ധര്മ്മന് (കെടിയുസി), വി.സുരേന്ദ്രന്‍പിള്ള (ജെഎല്‍യു), എഴുകോണ്‍ സത്യന് (കെടിയുസി ജെ), മനോജ് പെരുമ്പിള്ളി (ജെടിയു), അഡ്വ. ടി.ബി.മിനി (ടിയുസിഐ), വി.വി.രാജേന്ദ്രന് (എഐസിടിയു), കളത്തില്‍ വിജയന് (ടിയുസിസി), എ.എസ്.രാധാകൃഷ്ണന് (എച്ച്എംകെപി), കെ.ചന്ദ്രശേഖരന് (എന്‍എല്‍സി) എന്നിവര്‍ പങ്കെടുത്തു.