ചാലക്കുടി: ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോനും സംഘവും പിടികൂടി.
കൊല്ലം ഏഴുകോൺ സ്വദേശികളായ ഹാരിസ് (27 വയസ്) ആഷിഖ് (23 വയസ്) മലവയൽ സ്വദേശി രാഹുൽ ( 27 വയസ്) എന്നിവരാണ് പിടിയിലായത്.
ലോകലഹരി വിരുദ്ധ ദിനമായ ജൂൺ 26 നോട നുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോകനാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് സംസ്ഥാനത്തുടനീളം പോലിസ് നടത്തി വന്നിരുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊടകര കൊളത്തുരിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന മൂവർ സംഘം പിടിയിലായത്.
ചാലക്കുടി ഡിവൈഎസ്പി കെ എം ജിജിമോൻ , കൊടകര സി.ഐ ബേസിൽ തോമസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ് കൊടകര സ്റ്റേഷനിലെ എസ് ഐ മാരായ ജെയ്സൺ, മധു, തോമസ്,എഎസ്ഐ റെജി മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിലക്ഷ്മി, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. മുകുന്ദപുരം തഹസീൽദാർ കെ. ശാന്തകുമാരിയുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തത്.
ആന്ധ്രയിലെ ടുണിയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ലോക് ഡൗൺ സാഹചര്യം മുതലെടുത്താണ് ഇങ്ങനെ വില ഈടാക്കുന്നത്. ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.