മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരി വിരുദ്ധദിനം.
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്.
‘ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം.
അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാനകാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴുംജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.