പാലക്കാട്: ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ പഞ്ചായത്തുകളില്‍ വാക്സിനേഷന് ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കൂടാതെ മലപ്പുറം, തൃശൂര്‍ അതിര്‍ത്തി പങ്കിടുന്നതും സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയിലും പാലക്കാടിന് പരിഗണന നല്‍കുന്നമെന്നും മന്ത്രി അറിയിച്ചു.
മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും
ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്സിനേഷന് നടത്തുക എന്നതാണ് ഇതില്‍ പ്രധാനമായി ചെയ്യേണ്ടത്. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ളത്ര വാക്സിന് വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളില്‍ കോവിഡ് ബാധക്കുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി യോഗത്തില്‍ നല്കി.
ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.
പാലക്കാട് ജില്ല നിലവില്‍ കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചു വരികയാണ്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 13 ശതമാനം വരെ കൂടിയും കുറഞ്ഞുമാണ് വരുന്നത്. അതിനാല്‍ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുന്നതിന് ജില്ല സജ്ജമാവേണ്ടതുണ്ടെന്നും മന്ത്രി വിലയിരുത്തി. ജില്ലയ്ക്ക് കൂടുതലായി ആവശ്യമുള്ള ഓക്സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
