ഡല്‍ഹി: മാധ്യമ പ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി റദ്ദാക്കി. ഡല്‍ഹി കലാപത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
1962ലെ ഉത്തരവ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്കുന്നു എന്ന് നിരീക്ഷിച്ചാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. കേദര്‍നാഥ് സിങ് വിധിയിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണം.
കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശിലാണ് വിനോദ് ദുവയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അക്രമത്തിന് പ്രോത്സാഹനം നല്കി എന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിനോദ് ദുവയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ വിനോദ് ദുവെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.