ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പൊലിസുകാര്‍ക്ക് കൊവിഡ്. ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകെ 2382 പൊലിസുകാര്‍ക്കാണ് രണ്ടാംതരംഗത്തില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍, 2204 പേര് രോഗമുക്തി നേടി. അഞ്ച് പേര് മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ രണ്ട് പേര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് പേര് വാക്സിന് എടുത്തിരുന്നില്ല.
വാക്സിന് എടുത്തത് കൊണ്ടു മാത്രം അസുഖം വരാതിരിക്കണമെന്നില്ലെന്ന് നിര്‍മാതാക്കള്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പൊലിസ് ഡി.ഐ.ജി നിലേഷ് ആനന്ദ് ബാര്‍ണി പറഞ്ഞു. മരിച്ച പൊലിസുകാരില്‍ ചിലര്‍ ഹരിദ്വാറില്‍ കുംഭമേള ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍, മരണവും കുംഭമേളയും തമ്മില്‍ ബന്ധമില്ല -അദ്ദേഹം കൂടിച്ചേര്‍ത്തു.
കൊവിഡ് ബാധിച്ച പൊലിസുകാരുടെ കുടുംബാംഗങ്ങളായ 751 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം തരംഗത്തില്‍ 1982 പൊലിസുകാര്‍ക്കാണ് ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിച്ചത്. എട്ട് പേര് മരിക്കുകയുമുണ്ടായി.