ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ബുധനാഴ്ചയോടെ ഒഡീഷ കടല്‍ത്തീരത്ത് വീശിയടുക്കുമെന്ന് കരുതുന്ന യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിന് സമാനമാണ് യാസ് ചുഴലിക്കാറ്റും. ടൗട്ടെ ചുഴലിക്കാറ്റില്‍ രാജ്യത്താകമാനം നൂറോളം പേരാണ് മരിച്ചത്.
യാസ് ചുഴലിക്കാറ്റ് പ്രവചിച്ചതിനു പിന്നാലെ നിരവധി ജില്ലകളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും പ്രവചിച്ചിട്ടുണ്ട്. കേന്ദ്രപാര, ഭദ്രക്, ജഗത്സിംഗ്പൂര്‍, ബാലാസോര്‍ തുടങ്ങിയ ജില്ലകളിലാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രാബല്യത്തിലുണ്ടാവുക.
ധമ്ര, പരദീപ് തുറമുഖങ്ങളില്‍ ശക്തമായ അപകടമുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കാലാവസ്ഥാവകുപ്പ് പറഞ്ഞു.
മയൂര്‍ഭഞ്ച്, ജജ്പൂര്‍, കട്ടക്, ഖോര്‍ഡ, പുരി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാവിലെ പശ്ചിമ ബംഗാള്‍ തീരത്തുനിന്ന് 450 കിലോമീറ്റര്‍ അകലെ ചുഴലിക്കാറ്റ് എത്തിയതായാണ് വിവരം. സാധാരണ ചുഴലിക്കാറ്റില്‍ നിന്ന് ശക്തമായ ചുഴലിക്കാറ്റായി യാസ് മാറിയിട്ടുണ്ട്. ഒഡീഷയിലെ ബാലാസോറിലായിരിക്കും ചുഴലിക്കാറ്റ് ആദ്യം നിലം തൊടുകയെന്നാണ് കരുതുന്നത്.