കോഴിക്കോട്: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നു. ഇതുവരെ 44 പേര് ചികിത്സ തേടി. ഇതില്‍ ഇരുപതുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ ഇവരില്‍ അടുത്തുളള മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലക്കാരുമുണ്ടെന്നാണ് വിവരം. ബ്ളാക്ക് ഫംഗസ് രോഗികളെ ചികിത്സിയ്ക്കാന്‍ പ്രത്യേക വാര്‍ഡ് തന്നെ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളെ കൊവിഡ് വാര്‍ഡില്‍ നിന്ന് രോഗം സ്ഥിരീകരിച്ച് ഇ.എന്‍.ടി വിഭാഗത്തിലേക്ക് മാറ്റി.
നിലവില്‍ കൊവിഡ് ബാധിതരെയും ബ്ളാക്ക് ഫംഗസ് ബാധിച്ചവരെയും കിടത്താന്‍ പ്രത്യേക വാര്‍ഡ് സജ്ജമാണ് മെഡിക്കല്‍ കോളേജില്‍. എന്നാല്‍ ബ്ളാക്ക് ഫംഗസ് രോഗത്തിന് ചികിത്സയ്ക്കായുളള മരുന്നിന് സംസ്ഥാനത്ത് ക്ഷാമമുണ്ട്. മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മരുന്ന് ക്ഷാമം ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
നിലവില്‍ ഇ.എന്‍.ടി വാര്‍ഡില്‍ അധികം പ്രശ്നമില്ലാത്തതുകൊണ്ട് രോഗികളെ അവിടെ കിടത്താനാകും. എന്നാല്‍ രോഗികള്‍ ഇനിയും കൂടിയാല്‍ പ്രത്യേക ഹെല്പ് ഡെസ്ക് തന്നെ തുടങ്ങേണ്ടി വരുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.