കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും കാരണം പാടെ തകര്‍ന്നു ജില്ലയിലെ വിനോദസഞ്ചാര മേഖല. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അയവുവന്നപ്പോള്‍ വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ വന്‍ ഒഴുക്കായിരുന്നു. പൂക്കോട് തടാകം, ബാണാസുര ഡാം, കുറുവ ദ്വീപ്, മീന്മുട്ടി വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വര്‍ധിച്ചത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം സമ്മാനിച്ചിരുന്നു.
800 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന പൂക്കോട് തടാകത്തിലും അതേപോലെതന്നെ ബാണാസുര ഡാമിലും ദിവസവും അയ്യായിരത്തിലധികം സഞ്ചാരികള്‍ എത്തിയ ദിവസങ്ങള്‍ വരെയുണ്ടായി. സഞ്ചാരികളുടെ വാഹനബാഹുല്യം കാരണം ചുരത്തിലും മറ്റും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കനുഭവപ്പെട്ടിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തോടെ ഈ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വരവ് നിലച്ചു. പിന്നെ തെക്കന്‍ ജില്ലകളില്നിന്നുള്ളവരുടെയും. ഏപ്രില്‍ അവസാനമായപ്പോഴേക്കും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞു. കോവിഡ് രൂക്ഷമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒന്നൊന്നായി അടച്ചു.
വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന ജില്ലയിലെ നൂറുകണക്കിന് റിസോര്‍ട്ടുകളുടെയും ഹോം സ്റ്റേകളുടെയും വാതിലുകളടഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള നിരവധി കച്ചവട സ്ഥാപനങ്ങളും പൂട്ടി. ടൂറിസം ബിസിനസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടാക്സികളും ടൂറിസ്റ്റ് വാഹനങ്ങളും ഷെഡ്ഡിനകത്തായി. ഇതോടെ ജില്ലയില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴിലില്ലാതായത്. ലോക്ഡൗണ്‍ തുടങ്ങുന്നതിനു മുമ്ബുതന്നെ ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ മറ്റു വിനോദസഞ്ചാര സ്ഥലങ്ങളും പിന്നീട് അടക്കുകയായിരുന്നു.
