കൊട്ടാരക്കര : കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റും വാഹന സൗകര്യം ഉറപ്പാക്കാൻ കൊട്ടാരക്കരയിലെ നിയുക്ത എം.എൽ.എ. കെ.എൻ.ബാലഗോപാൽ മുന്നോട്ടുവെച്ച വെഹിക്കിൾ ചലഞ്ച് ശ്രദ്ധേയമാകുന്നു. കോവിഡ് പ്രതിരോധ പോരാട്ടത്തിലെ കൊട്ടാരക്കര മോഡലെന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ് വെഹിക്കിൾ ചലഞ്ച് .
തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാലഗോപാൽ വെഹിക്കിൾ ചലഞ്ച് പ്രഖ്യാപിച്ചത്. സേവന സന്നദ്ധരായവർക്ക് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പരും ഫോൺ നമ്പരും സഹിതം രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ബാലഗോപാൽ മുൻകൈയെടുത്ത് ഒരുക്കിയ ഓൺലൈൻ ചികിത്സാ സംവിധാനവും ശ്രദ്ധേയമായി കഴിഞ്ഞു. കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി സംവിധാനം വിപുലീകരിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
