സിഡ്നി: ലോകമെമ്ബാടും കോവിഡിന്റെ ഭീതിയിലാണ്. ഇന്‍ഡ്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ഓസ്ട്രേലിയ. ഇന്‍ഡ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയത് കൂടാതെ മെയ് മൂന്നിന് ശേഷം കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്‍ഡ്യ സന്ദര്‍ശിച്ചവര്‍ക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്‍ഡ്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്ക്കുമാണ് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
കോവിഡ് വ്യാപനം അതിക്രമിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇന്‍ഡ്യയില്‍ നിന്ന് മടങ്ങി എത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ.വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം തടവ് ലഭിക്കുമെന്നും ഓസ്ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യവും ക്വാറന്റൈന് സംവിധാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. രാജ്യത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ താളം തെറ്റാതിരിക്കാനാണ് കര്‍ശന നിലപാടെന്നും ഗ്രെഗ് പറയുന്നു. മെയ് 15 ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ഗ്രെഗ് പ്രസ്താവനയില്‍ വിശദമാക്കി .
