ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് പ്രതീക്ഷ നല്കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിന് നിര്‍വീര്യമാക്കുമെന്നാണ് കണ്ടെത്തല്‍. വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈനംദിന അടിസ്ഥാന വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും, ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്സിന് സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ രേഖകളും പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്സിന്, ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായും യു.എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്റെ പ്രതിരോധശേഷി കൊണ്ടു തന്നെ ഇന്ത്യയില്‍ ഇപ്പോഴുള്ള പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞു.
