കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിലാണ്, 1200 രൂപ. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുമ്പോൾ 1500- 1750 രൂപയാകും.
ന്യൂഡൽഹി: ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിൽ. സംസ്ഥാനത്ത് 1700 രൂപയാണ് സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ്. 400 രൂപയാണ് ഇവിടെ ഈടാക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിലാണ്, 1200 രൂപ. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുമ്പോൾ 1500- 1750 രൂപയാകും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപയാകും.
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ പരിശോധന സൗജന്യമാണ്. എന്നാൽ ഫലം വൈകുമെന്നതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നു. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നത് വൻ സാമ്പത്തിക ബാധ്യതയാകുന്നുവെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് രോഗികളുടെ എണ്ണം മുൻപില്ലാത്തവിധം ഉയർന്നുനിൽക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നു. നേരത്തെ 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്ക് പല തവണ താഴ്ത്തി. മഹാരാഷ്ട്ര സർക്കാർ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആർടിപിസിആർ നിരക്ക്
ഒഡീഷ- 400 രൂപ
പഞ്ചാബ്- 450 രൂപ
ആന്ധ്ര പ്രദേശ്- 499 രൂപ
മഹാരാഷ്ട്ര- 500-800 രൂപ
യുപി- 500-700 രൂപ
ഹരിയാന- 500 രൂപ
തെലങ്കാന- 500 രൂപ
ഉത്തരാഖണ്ഡ്- 500 രൂപ
രാജസ്ഥാൻ- 800 രൂപ
കർണാടക- 800 രൂപ
ഡൽഹി- 800-1200 രൂപ
കർണാടക- 800-1200 രൂപ
ഗുജറാത്ത്- 900 രൂപ
ബംഗാൾ- 950 രൂപ
തമിഴ്നാട്- 1200- 1750
പരിശോധനയ്ക്ക് ആവശ്യമായ റീ ഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവ് താരതമ്യേന കുറഞ്ഞു. എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകൾക്ക് സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്നാണ് ആവശ്യം ഉയരുന്നത്.