കാൽ നൂറ്റാണ്ടിലധികമായി കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി. സ്കൂൾ തുറക്കുമ്പോൾ നിർബന്ധമായും കുട്ടികളുടെ കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റിതിനു പിന്നിലും സെന്റ് ജോർജ് ബേബി എന്ന ടി വി സ്കറിയയുടെ കഠിനാധ്വാനമാണ്.
കൊച്ചി: പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 20ന് രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. മക്കൾ: ഡേവിസ് (സിഇഒ, പോപ്പി), ഡെയ്സി, ലാലി, ജോസഫ് (പോപ്പി). മരുമക്കൾ: സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് കാനഡ).
കാൽ നൂറ്റാണ്ടിലധികമായി കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി. സ്കൂൾ തുറക്കുമ്പോൾ നിർബന്ധമായും കുട്ടികളുടെ കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റിതിനു പിന്നിലും സെന്റ് ജോർജ് ബേബി എന്ന ടി വി സ്കറിയയുടെ കഠിനാധ്വാനമാണ്. ഫൈഫോൾഡ് കുടകൾ പോലെ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും വാരെ ഓരോ കാലത്തും പുത്തൻ പരീക്ഷണങ്ങളുമായി മലയാളികളുടെ മുന്നിൽ ടി വി സ്കറിയ അവതരിപ്പിച്ചു.
‘മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട’…, ‘വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുടകൊണ്ടു തല്ലിക്കോ വേണേ..’എന്നീ പരസ്യഗാനങ്ങൾ പോലും ഇത്രയും വർഷങ്ങൾ കഴിഞ്ഞും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
സെന്റ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തിയ ബേബി, രണ്ടാമത്തെ മകന്റെ പേരോട് കുടിയാണ് പുതിയ കുടക്കമ്പനി ‘പോപ്പി’ തുടങ്ങിയത്. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ് ജോർജ് കുടകൾക്കും മുൻപാണ്. കാസിം കരിം സേട്ടിന്റെ കുടനിർമാണ കമ്പനിയിൽ ജോലിക്കാരനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസില്നിന്നാണ് അതിന്റെ തുടക്കം. വാവച്ചൻ 1954 ഓഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി തുടങ്ങി.
ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ 9 ജോലിക്കാരുമായാണ് സെന്റ് ജോർജ് തുടങ്ങിയത്. ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്. 41 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഓഗസ്റ്റ് 17ന് സെന്റ് ജോർജ് പൂട്ടുമ്പോൾ വാർഷിക വിൽപന ഒരുലക്ഷം ഡസനായിരുന്നു. സെന്റ് ജോർജിന്റെ പാരമ്പര്യത്തിൽ രണ്ടു ബ്രാൻഡുകൾ വിടർന്നു. പോപ്പിയും ജോൺസും. കുടവാവച്ചന്റെ രണ്ടാമത്തെ മകനാണ് പോപ്പിയുടെ സാരഥിയായ ടി വി സ്കറിയ എന്ന സെന്റ് ജോര്ജ് ബേബി.